സിദ്ധാർത്ഥൻ്റെ മരണം: സി.ബി.ഐ. എത്തുന്നത് വൈകി: കുറ്റപത്രവും വൈകും: ആറ് പ്രതികളെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.

കൽപ്പറ്റ: സിദ്ധാർത്ഥൻ്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം വൈകുന്നത് തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുന്നു. മാതാപിതാക്കളുടെ ആവശ്യത്തെ തുടർന്ന് സി.ബി.ഐ. അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും സി.ബി.ഐ.സംഘം വയനാട്ടിലെത്താതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. നിലവിലെ പോലീസ് അന്വേഷണത്തിൽ കുറ്റപത്രം വൈകും.പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അവസാന ഘട്ടത്തിൽ ഏഴ് പേര്‍ കൂടി പിടിയിലായതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പോലീസിന്റെ പിടിയിലായിരുന്നു. മുഖ്യ പ്രതി സിന്‍ജോ ജോണ്‍സൻ്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘം ആഴ്ചകൾ നീണ്ട റാഗിംഗും ദിവസങ്ങൾ നീണ്ട ആൾക്കൂട്ട വിചാരണയും ക്രൂരമായ മർദ്ദനനവും മൂലം ഫെബ്രുവരി 18-നാണ് സിദ്ധാർത്ഥൻ മരിക്കുന്നത്. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല.
ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസ്, പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.സി. സഞ്ജയ്കുമാര്‍, കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എ. സായൂജ് കുമാര്‍, വൈത്തിരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ടി. ഉത്തംദാസ്, തലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എസ്. അരുണ്‍ഷാ എന്നിവരുടെ നേതൃത്വത്തില്‍ സംഘം തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ ശാസ്ത്രീയവും അസൂത്രിതവുമായ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലാകുന്നത്. പോലീസ് സമ്മര്‍ദ്ധം ശക്തമായതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ പ്രതികളില്‍ രണ്ട് പേര്‍ സ്വമേധയാ കീഴടങ്ങുകയും ചെയ്തിരുന്നു. സിദ്ധാർത്ഥൻറെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു നിവേദനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കുകയാണെന്ന് സർക്കാർ അറിയിക്കുകയും മാർച്ച് 10-ന് ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ സമയാസമയങ്ങളിൽ ആഭ്യന്തരവകുപ്പിൽ നിന്ന് സി.ബി.ഐക്ക് ഔദ്യോഗിക കത്തിടപാടുകൾ നടത്താത്തതിനാൽ ഇപ്പോഴും സി.ബി.ഐ സംഘം കേസ് ഏറ്റെടുത്തിട്ടില്ല. ഇതാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയത് തൻറെ കുടുംബം കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് സിദ്ധാർത്ഥന്റെ പിതാവ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. വീണ്ടും പ്രക്ഷോഭം തുടങ്ങേണ്ടി വരുമെന്ന് വിവിധ സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കുന്ന ഘട്ടത്തിൽ സിദ്ധാർത്ഥന്റെ മരണം സർക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് . നിലവിൽ ഡി.വൈ.എസ്.പി ടി എൻ സജീവന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷണം തുടരുന്നുണ്ടെങ്കിലും പല നടപടിക്രമങ്ങളും ഇനിയും പൂർത്തിയാകാൻ ഉണ്ട് അതിനാൽ തന്നെ കുറ്റപത്രം തയ്യാറാക്കുന്നത് വൈകാനാണ് സാധ്യത. വിദ്യാർത്ഥികളെ കൂടാതെ യൂണിവേഴ്സിറ്റി അധികൃതരെ കൂടി പ്രതികൾ ആക്കണമെന്ന് ആവശ്യം നേരത്തെ ഉയർന്നെങ്കിലും അധികൃതരെ ആരെയും ഇതുവരെയും പ്രതി പട്ടികയിൽ ചേർത്തിട്ടില്ല. പലയിടങ്ങളിൽ വച്ച് പല ദിവസങ്ങളിലായി പ്രതികൾ പിടിയിലായതിനാലും കോടതിയിൽ ഹാജരാക്കിയത് വിവിധ ദിവസങ്ങളിൽ ആയതിനാലും പ്രതികളിൽ പലരുടെയും റിമാൻഡ് കാലാവധി പൂർത്തിയാകുന്നതിനാൽ ബാച്ചുകൾ ആയി ഇവരെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നുണ്ട്. ഇതനുസരിച്ച് പ്രതികളിൽ ആറുപേരെ നാളെ (വ്യാഴാഴ്ച്ച) വീണ്ടും കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് മേപ്പാടി റിപ്പണിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
Next post വിനോദസഞ്ചാരിയെ ചങ്ങാത്തം നടിച്ച് പറ്റിച്ച് മോഷണം; മുങ്ങിയ അന്തര്‍സംസ്ഥാന മോഷ്ടാവിനെ ഒരാഴ്ചക്കുള്ളില്‍ ബാംഗ്ലൂരില്‍ നിന്നും പൊക്കി മേപ്പാടി പോലീസ്
Close

Thank you for visiting Malayalanad.in