സ്നേഹവീടുകള്‍ വിഭാവനം ചെയ്ത് മീനങ്ങാടിയുടെ വാര്‍ഷിക ബഡ്ജറ്റ്.

മീനങ്ങാടി: ഒരു വാര്‍ഡില്‍ ഒരു സ്നേഹ വീട് വിഭാവനം ചെയ്ത് മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക ബഡ്ജറ്റ്. പഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , ബാങ്കുകള്‍ , വിദ്യാലയങ്ങള്‍, സ്ഥിര വരുമാനക്കാര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സുമനസുകളില്‍ നിന്നും അഞ്ഞൂറ് രൂപ വീതം ആയിരം ആളുകളില്‍ നിന്നും അഞ്ച് ലക്ഷം രൂപ സ്വരൂപിച്ചു ഓരോ മാസവും ഓരോ വീട് നിര്‍മ്മിച്ചു നല്‍കുക എന്ന ആശയം ബഡ്ജറ്റ് മുന്നോട്ട് വയ്ക്കുന്നു. ഗാന്ധിയെ തമസ്കരിക്കുകയും ഗോഡ്സെയെ മഹത്വവത്കരിക്കുകയും ചെയ്യുന്ന കാലത്ത് പുതുതലമുറയെ ഗാന്ധിയോടൊപ്പം നടത്താന്‍ പഞ്ചായത്തില്‍ ഗാന്ധി ചെയര്‍ , പുസ്തക ചര്‍ച്ച, കവിയരങ്ങ് , വയലാര്‍ ഗാനാലാപന മത്സരം , പുതു തലമുറയുടെ സര്‍ഗ്ഗ വികാസം എന്നിവ ലക്ഷ്യം വയ്ക്കുന്ന സകലകല. എയിം എ ഗോള്‍ഡ് എന്ന ലക്ഷ്യവുമായി നാല് വയസ്സു മുതല്‍ എട്ട് വയസ്സു വരെ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ കിഡ്സ് അത്ലറ്റിക് അക്കാദമി, അംഗണവാടികള്‍ , ഹെല്‍ത്ത് സെന്ററുകള്‍ , ഘടക സ്ഥാപനങ്ങള്‍ എന്നിവയുടെ റൂഫ് ടോപ്പ് സോളാര്‍ , ഒരു വാര്‍ഡില്‍ ഒരു പച്ചതുരുത്ത് , കരള്‍ വൃക്ക രോഗ നിര്‍ണ്ണയ പദ്ധതി , പാഠ്യ പാഠ്യേതര മേഖലകളില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യം വയ്ക്കുന്ന മെഷേഡ് കാമ്പസ് പദ്ധതി , ഹാപ്പി പേരന്റിംഗ് , പബ്ലിക് ഹെല്‍ത്ത് ജിമ്മുകള്‍ എന്നിവയ്ക്കും ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
എഴുപത് കോടി അറുപത്തിയഞ്ച് ലക്ഷം രൂപ വരവും അറുപത്തിയൊമ്പതു കോടി എണ്‍പത്തിയഞ്ചു ലക്ഷം രൂപ ചെലവും കണക്കാക്കുന്ന ബഡ്ജറ്റില്‍ എണ്‍പത് ലക്ഷം രൂപ നീക്കുബാക്കി പ്രതീക്ഷിക്കുന്നു. കൃഷി , മൃഗ സംരക്ഷണം ,മത്സ്യ ബന്ധനം ,ചെറുകിട വ്യവസായം , കുടുംബശ്രീ സംരഭങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് എന്നിവയ്ക്കായി മൂന്ന് കോടി അറുപത്തി നാല് ലക്ഷം രൂപയും , തുടര്‍ സക്ഷരത , പ്രൈമറി വിദ്യാഭ്യാസം, സ്പോട്സ് , യുവജനക്ഷേമം, കലാ സംസ്കാരം എന്നിവക്കായി ഒരു കോടി എണ്‍പത് ലക്ഷം രൂപയും , ആരോഗ്യം , കുടിവെള്ളം, പകര്‍ച്ച വ്യാധി നിയന്ത്രണം , മാലിന്യ സംസ്കരണം , വനിതാ ക്ഷേമം എന്നിവയ്ക്കായി രണ്ട് കോടി ഇരുപത് ലക്ഷം രൂപയും , ദാരിദ്ര്യ ലഘൂകരണം, ഭവന നിര്‍മ്മാണം എന്നിവയ്കായി പതിനാറ് കോടി രൂപയും , പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനായി രണ്ടു കോടി അറുപത് ലക്ഷം രൂപയും , റോഡുകള്‍ മറ്റ് അടിസ്ഥാന സൌകര്യ വികസനങ്ങള്‍ക്കായി എട്ട് കോടി രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ അദ്ധ്യക്ഷത വഹിച്ച പ്രത്യേക ഭരണ സമിതി യോഗത്തില്‍ വൈസ് പ്രസിഡണ്ട് കെ.പി നുസ്രത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ബേബി വര്‍ഗ്ഗീസ്സ്, പി.വാസുദേവന്‍ , ഉഷ രാജേന്ദ്രന്‍ , ടി.പി ഷിജു , പി.വി വേണുഗോപാല്‍ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. അഫ്സത്ത് , ഹെഡ്അക്കൌണ്ടന്‍റ് ഷൂജാ സലാം തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post നെന്മേനിയിൽ ഗോവിന്ദമൂല ചിറ ടൂറിസം പദ്ധതി പ്രവൃത്തി ഉൽഘാടനം ചെയ്തു
Next post ഇ. ശ്രീധരൻ മാസ്റ്റർ സ്മാരക സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
Close

Thank you for visiting Malayalanad.in