വന്യമൃഗ ആക്രമണങ്ങളില്‍ മരണപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തിനും ചികിത്സാ സഹായം നല്‍കുന്നതിനും മറ്റ് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുമായി 13 കോടി രൂപ വനംവകുപ്പിന് അനുവദിച്ചതായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശിന്ദ്രന് പറഞ്ഞു. ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശിന്ദ്രന്റെ അധ്യക്ഷതയില്‍ മന്ത്രി സഭാ ഉപസമിതി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റവന്യൂ-ഭവന നിര്‍മ്മാണ, തദേശ സ്വയം ഭരണ വകുപ്പ് മന്ത്രിമാരായ കെ.രാജന്, എം.ബി രാജേഷ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ വര്‍ദ്ധിച്ച് വരുന്ന വന്യജീവി ആക്രമണത്തില്‍ മനുഷ്യരും മൃഗങ്ങളും കൊല്ലപ്പെടുകയും വന്‍തോതില്‍ കൃഷിനാശം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മന്ത്രി സഭാ ഉപസമിതി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ജില്ലയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. ഫെബ്രുവരി 15 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കൈകൊണ്ട തീരുമാനങ്ങള്‍ക്ക്പുറമെ ജനങ്ങളുന്നയിച്ച നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും.
*നഷ്ടപരിഹാരം ഉയര്‍ത്തല്‍*
വന്യമൃഗ ആക്രമണങ്ങളില്‍ മരണപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കുമുള്ള നഷ്ടപരിഹാരം ഉയര്‍ത്തുന്നത് മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും.വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പരാതി പരിശോധിക്കും. നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.
*ജില്ലാതല മോണിറ്ററിങ് സമിതി*
ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്നതും ആക്രമിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കും. ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, തദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഫോറസ്റ്റ് സ്പെഷ്യല്‍ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി, ഭരണകക്ഷി പാര്‍ട്ടികളില്‍ നിന്ന 4, പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് 3, ബി.ജെ.പിയില്‍ നിന്ന് ഒന്ന് എന്ന തോതില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയായിരിക്കും ജില്ലാതല മോണിറ്ററിങ് സമിതി. രണ്ടാഴ്ചയില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. പഞ്ചായത്ത്, വാര്‍ഡ് തലത്തിലും സമിതികള്‍ രൂപീകരിക്കും.
*വന്യമൃഗശല്യം വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം സാധ്യമാക്കും*
വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കും. വന്യമൃഗ ശല്യം തടയുന്നതിന് വനാതിര്‍ത്തികളില്‍ നിലവിലുള്ള ഫെന്‍സിംഗ് സംവിധാനത്തിന് ജനകീയ മേല്‍നോട്ടം ഉണ്ടാകണം. ഇതിനായി പഞ്ചായത്ത് തലത്തില്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലും വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലും ജനകീയ സമിതികള്‍ രൂപീകരിക്കണം. സമിതികളില്‍ എസ്.ടി പ്രൊമോട്ടര്‍മാര്‍, കുടുംബശ്രീ, അയല്‍ക്കൂട്ടം, ആശാവര്‍ക്കര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കണം. തൊഴിലുറപ്പ് പദ്ധതിയിലൂടെ വനത്തില്‍ സ്വാഭാവിക ആവാസ വ്യവസ്ഥ പുനസൃഷ്ടിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. വനത്തില്‍ ജല ലഭ്യത ഉറപ്പാക്കാന്‍ ജലസ്രോതസ്സുകളുടെ നവീകരണം, പുതിയ കുളങ്ങള്‍ നിര്‍മ്മിക്കല്‍, നീര്‍ച്ചാലുകളില്‍ തടയണ നിര്‍മാണം, അടിക്കാട് വെട്ടല്‍, ട്രഞ്ച് നിര്‍മ്മാണം എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രൈബല്‍ പ്ലസിന്റെ ഫണ്ട് വിനിയോഗിക്കും.
*തൊഴിലുറപ്പ് : പ്രത്യേക അനുമതി തേടും*
തൊഴിലുറപ്പ് പദ്ധതിയില്‍ വനത്തിനകത്തെ അടിക്കാടുകള്‍ നീക്കം ചെയ്യല്‍, ട്രെഞ്ച് നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.ഇതിനായി ജില്ലയക്ക് ഇളവ് നല്കാന് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കും.ഇിതിനാവശ്യമായ റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. അടിക്കാടുകള്‍ നീക്കം ചെയ്യാന്‍ തോട്ടം ഉടമകള്‍, എസ്റ്റേറ്റ് ഉടമകള്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കാനും ജില്ലാ കളക്ടര്‍റോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കും. വന മേഖലയോട് ചേര്‍ന്ന റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നോട്ടീസ് നല്കി കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. വനാതിര്‍ത്തിയില്‍ മാലിന്യം തള്ളുന്നത് തടയാന്‍ നടപടി ശക്തമാക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനകീയ മോണിറ്ററിംഗ് നടത്തും. റിസോര്‍ട്ടുകളില്‍ ബയോ വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനം ഉറപ്പാക്കും.
*വനം വകുപ്പിനെ ശക്തിപ്പെടുത്തും*
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്ന് മന്ത്രിമാര്‍ യോഗത്തില്‍ വ്യക്തമാക്കി. റവന്യൂ, പോലീസ്, ഫോറസ്റ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവര്‍ സംയുക്തമായി കമാന്‍ഡ് കണ്ട്രോള് സെന്റര്‍ ജില്ലയില്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചതായി മന്ത്രിമാര്‍ പറഞ്ഞു. ബാവലി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കണ്‍ട്രോള്‍റൂം ശാക്തികരിച്ചു. കമ്മ്യൂണിറ്റി റേഡിയോ, വയര്‍ലെസ് സംവിധാനങ്ങള്‍, വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ എന്നിവ ഉപയോഗിച്ച് ജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തി. ജില്ലയില്‍ രണ്ട് ആര്.ആര്.ടികള്‍ സ്ഥിരമാക്കി. അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ രാത്രിയില്‍ പെട്രോളിങ്ങ് ശക്തിപ്പെടുത്തി. വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയെ വനം വകുപ്പില്‍ തന്നെ നിലനിര്‍ത്തി. ജില്ലയില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കുകയും നോഡല്‍ ഓഫീസര്‍ക്ക് സ്വതന്ത്ര ചുമതലയും ഓഫീസും നല്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കും. വന്യജീവി ആക്രമണത്തിന്റെ ഭാഗമായി ജില്ലയിലെയും ജില്ലക്ക് പുറത്തുള്ള സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ ഇതിന്റെ പരിധി നിശ്ചയിക്കുന്ന കാര്യത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ സെന്ന മരങ്ങള്‍ നീക്കം ചെയ്യാന്‍ വനം, റവന്യൂ, പോലീസ്, തദ്ദേശസ്വയംഭരണം, യുവജനക്ഷേമം വകുപ്പുകള്‍ കേന്ദ്രീകരിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ പ്രൊജക്റ്റ് തയ്യാറാക്കും. സര്‍വ്വ കക്ഷി യോഗത്തില്‍ ഉയര്‍ന്നുവന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയില്‍ കൊണ്ടുവരുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. എട്ട് വിക്കറ്റിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം...
മീനങ്ങാടി:പുറക്കാടി ക്ഷേത്രത്തിലേക്ക് ഒഴുകുകയാണ് ഭക്തജനങ്ങൾ . മൺഡല മഹോൽസവത്തിൻ്റെ ഭാഗമായി നടത്തിയ കഥകളി നേരിൽ കണ്ട് ആസ്വദിക്കുന്നതിനായാണ് ആയിരക്കണക്കിന് ആളുകൾ ഇന്നലെ ക്ഷേത്രത്തിലെത്തിയത്. കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിൻ്റെ...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക റദ്ദ് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ജില്ലാജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു....
പുല്പള്ളി: ക്രിസ്മസ് സ്നേഹത്തിന്റെയും- സമാധാനത്തിന്റെയും സന്ദേശമാണ് നൽകുന്നത്- ബിഷപ്പ് : മാർ അലക്സ് താരാമംഗലം ക്രിസ്തുമസ് കേവലമൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ലെന്നും പുത്തന്‍ ചക്രവാളം മാനവ കുലത്തിന് തുറന്ന്...
മാനന്തവാടി: ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ കരോൾ ഗാന മത്സരം നടത്തി. വിവിധ വാർഡുകളിൽ നിന്നുള്ള 8 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒമ്പതാം യൂണിറ്റിലെ...