വയനാട് ജില്ലാ പഞ്ചായത്തിന്റെ അരികെ പദ്ധതി കേരളത്തിന് മാതൃക വി.ഡി സതീശന്‍

കൽപ്പറ്റ ; വയനാട് ജില്ലാ പഞ്ചായത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് സെല്ലിന്റെ സഹകരണത്തോടെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ പഠനസഹായി’അരികെ’യുടെ പ്രകാശന കര്‍മ്മം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഡ്വ ടി സിദ്ദീഖ് എം എൽ എക്ക് നല്‍കി നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ജില്ലാ പഞ്ചായത്ത് നടത്തുന്ന പദ്ധതികള്‍ മാതൃകാപരമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. അരികെ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായ പദ്ധതിയാണ്. കഴിഞ്ഞ വര്‍ഷം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അരികെയുടെ ഓണ്‍ലൈന്‍ കോപ്പികള്‍ ലഭ്യമാക്കിയത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കാക്കവയല്‍ ജി.എച്ച്.എസ്.എസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ തനത് പദ്ധതിയാണ് അരികെ. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, സയന്‍സ് വിഷയങ്ങളിൽ പഠിക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് അരികെ പദ്ധതി തയ്യാറാക്കിയത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ സഹായി തയ്യാറാക്കി പുസ്തക രൂപത്തില്‍ നല്‍കുക എന്നതാണ് ലക്ഷ്യം. അരികെ പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്ത് അധ്യാപകര്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് മാനസിക- സൗഹൃദ- അക്കാദമിക പിന്തുണയൊരുക്കുകയും ചെയ്തു. ഏറ്റവും പ്രയാസമനുഭവിക്കുന്ന 1820 വിദ്യാര്‍ത്ഥികളെയാണ് ഈ പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ കണ്ടെത്തിയത്. ഇവർക്ക് മെന്റെര്‍മാരായി അധ്യാപകര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ജില്ലയിലെ അധ്യാപകരുടെ നേതൃത്വത്തില്‍ പഠന സഹായി നിര്‍മ്മാണ ശില്പശാല നടത്തിയാണ് പഠനസാമഗ്രി നിര്‍മ്മിച്ചത്. പഠന സഹായി ഓണ്‍ലൈനായും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും. നാലം തവണയാണ് അരികെ തയ്യാറാക്കി വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം മുഹമ്മദ് ബഷീര്‍, ജുനൈദ് കൈപ്പാണി, ഉഷ തമ്പി, സീതാ വിജയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ വിജയന്‍, സിന്ധു ശ്രീധരന്‍, മീനാക്ഷി രാമന്‍, ബീനാ ജോസ്, മുട്ടില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹി ബിന്ദു മോഹന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപന്‍, ഹയര്‍സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, ജി.എച്ച്.എസ്.എസ് കാക്കവയല്‍ പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ്ജ് പി ശിവപ്രസാദ്, ഹെഡ്മാസ്റ്റര്‍ എം സുനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് എന്‍ റിയാസ്, എസ്.എം.സി ചെയര്‍മാന്‍ റോയ് ചാക്കോ, പി.ടി.എ പ്രസിഡന്റ് സുസിലി ചന്ദ്രന്‍, വൈസ് പ്രസിഡന്റ് ആമിന നിസാര്‍, സി.ഇ ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ് ജോയിന്റ് കോർഡിനേറ്റര്‍ മനോജ് , കണ്‍വീനര്‍ കെ.ബി.സിമില്‍, ജോണ്‍, റിസോഴ്‌സണ്‍ പേഴ്‌സണ്‍മാരായ ജിനീഷ് മാത്യു, കെ.കെ. സുരേഷ്, ഷാന്റോ മാത്യു, എം.കെ. രാജേന്ദ്രന്‍, ഡോ. ബാവ കെ.പാലുകുന്ന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഷ്ട്രീയ യുവ ജനതാദള്‍(ആര്‍.വൈ.ജെ.ഡി) സംസ്ഥാന ക്യാമ്പ് 19 മുതൽ മുത്തങ്ങയിൽ.
Next post കൽപ്പറ്റ നഗരസഭയിൽ ചെയർപേഴ്സൺ മുസ്ലീം ലീഗിലെ കെയംതൊടി മുജീബും വൈസ് ചെയർപേഴ്സൺ കോൺഗ്രസിലെ കെ.അജിതയും രാജിവെച്ചു.
Close

Thank you for visiting Malayalanad.in