അപ്പോളോ ആഡ്ലക്സ് ആശുപത്രിയില്‍ സ്ട്രോക് സപ്പോര്‍ട്ട് പ്രോഗ്രാം ആരംഭിച്ചു

അങ്കമാലി: സ്ട്രോക് ബാധിതരായ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവശ്യ സഹായം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് അപ്പോളോ ആഡ്ലക്സ് ആശുപത്രിയില്‍ സ്ട്രോക് സപ്പോര്‍ട്ട് പ്രോഗ്രാം ആരംഭിച്ചു. രോഗം ഭേദമാക്കുന്നതിനും തുടര്‍ന്നുള്ള പുനരധിവാസത്തിനും ആവശ്യമായ സഹായമാണ് പ്രോഗ്രാമിലൂടെ ലഭ്യമാക്കുക. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബെന്നി ബെഹനാന്‍ എംപി പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്ത്യയില്‍ പ്രതിവര്‍ഷം 18 ലക്ഷം സ്‌ട്രോക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, അപ്പോളോ ആഡ്ലക്‌സ് ഹോസ്പിറ്റല്‍ പോലുള്ള സ്ഥാപനങ്ങള്‍ ബോധവല്‍ക്കരണത്തിലും പക്ഷാഘാതം അനുഭവിക്കുന്നവരെ പിന്തുണയ്‌ക്കേണ്ടതും പ്രധാനമാണ്. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികളെ അഭിനന്ദിക്കുന്നുവെന്ന് ബെന്നി ബെഹനാന്‍ എംപി പറഞ്ഞു. രോഗികളോടും സമൂഹത്തോടുമുള്ള അവരുടെ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നു. ഈ സ്‌ട്രോക് സപ്പോര്‍ട്ട് പ്രോഗ്രാം സ്‌ട്രോക്ക് രോഗികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗികള്‍ക്ക് അത്യാധുനികവും അനുകമ്പയാര്‍ന്നതുമായ പരിചരണം നല്‍കുന്നതില്‍ പ്രതിബദ്ധതയുള്ളതാണ് അപ്പോളോ ആഡ്ലക്സ് ആശുപത്രിയിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഫോര്‍ ന്യൂറോസയന്‍സസ് എന്ന് സിഇഒ സുദര്‍ശന്‍ ബി പറഞ്ഞു. മൂന്ന് മാസത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന നൂതനമായ ആരോഗ്യപരിചരണ ഉദ്യമമായ സ്ട്രോക് സപ്പോര്‍ട്ട് പ്രോഗ്രാമിലൂടെ രോഗികള്‍ക്ക് ഒരു കൂട്ടം അവശ്യ സേവനങ്ങള്‍ സൗജന്യമായി ലഭിയമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചികിത്സാഫല നിര്‍ണയം, ഫിസിയോതെറാപ്പി സെഷനുകള്‍, സ്പീച്ച് തെറാപ്പി സെഷനുകള്‍, വിദഗ്ധ ഡോക്ടറമാരുടെ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ സേവനങ്ങളാണ് പ്രോഗ്രാമിലൂടെ തികച്ചും സൗജന്യമായി ലഭ്യമാക്കുക. ഇതിന് പുറമേ സ്ട്രോക് സംബന്ധിയായ സംശയ നിവാരണങ്ങള്‍ക്ക് മാത്രമായി 98957 09301 എന്ന മൊബൈല്‍ നമ്പറും പ്രോഗ്രാമിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ടെന്നും സിഇഒ പറഞ്ഞു.
സ്ട്രോക്കിനെ അതിജീവിച്ചവരുടെ മുന്നോട്ടുള്ള ജീവിത നിലവാരം ഉയര്‍ത്തുന്നതിലേക്കുള്ള നിര്‍ണായക കാല്‍വെപ്പാണ് ഈ പ്രോഗ്രാമെന്ന് ഡോ. ജോയ് എം.എ വ്യക്തമാക്കി. സ്ട്രോക് രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ശക്തമായ പിന്‍ബലം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഈ പ്രോഗ്രാം വ്യക്തമാക്കുന്നു. രോഗിമുക്തിയിലേക്കുള്ള ഒരു രോഗിയുടെ യാത്രയില്‍ അവരോടൊപ്പം നില്‍ക്കുകയെന്നതില്‍ അപ്പോളോ ആഡ്ലക്സ് ആശുപത്രി പ്രതിബദ്ധമാണെന്നും ഡോ. ജോയ് പറഞ്ഞു. വിവിധ തരം സ്ട്രോക്കുകളുടെ ചികിത്സയില്‍ മികച്ച ഫലം ലഭിക്കാന്‍ ആവശ്യമായ മെക്കാനിക്കല്‍ ത്രോംബെക്ടമി പോലുള്ള അത്യാധുനിക പ്രക്രിയകള്‍ ഉള്‍പ്പെടെ സമഗ്ര പരിചരണം നല്‍കാന്‍ അപ്പോളോ ആഡ്ലക്സ് ആശുപത്രി സര്‍വസജ്ജമാണെന്ന് ഡോ. ബോബി വര്‍ക്കി മാരാമറ്റം പറഞ്ഞു.
സ്ട്രോക്, അപസ്മാരം, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, മള്‍ട്ടിപ്പിള്‍ സ്ലിറോസിസ്, തലവേദനകള്‍, ന്യൂറോമസ്‌കുലര്‍ രോഗങ്ങള്‍, പെരിഫെറല്‍ നേര്‍വ് ട്യൂമറുകള്‍, പക്ഷാഘാതം, ഉറക്കമില്ലായ്മ, സംസാര വൈകല്യം തുടങ്ങി ന്യൂറോളജി സംബന്ധിയായ വിവിധ അവസ്ഥകള്‍ നിര്‍ണയിക്കുന്നതിലും ഫലപ്രദമായ ചികിത്സ നല്‍കുന്നതിലും വൈദഗ്ധ്യം നേടിയിട്ടുള്ള ന്യൂറോളജിസ്റ്റുകളുടെ സേവനം അപ്പോളോ ആഡ്ലക്സ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ ലഭ്യമാണ്. ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി മുതല്‍ സ്ട്രോക് മാനേജ്മെന്റ്, ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ സേവനങ്ങള്‍ ഇവിടെലഭ്യമാണ്.
ആശുപത്രി സിഇഒ സുദര്‍ശന്‍ ബി, മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. രമേശ് കുമാര്‍ ആര്‍, ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ജോയ് എം.എ, ഡോ. അരുണ്‍ ഗ്രേസ് റോയ്, ന്യൂറോളജി, ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബോബി വര്‍ക്കി മാരാമറ്റം, ന്യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബി പാര്‍ത്ഥസാരഥി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ല സ്‌കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
Next post സ്വിമ്മിംഗ് പൂളുകളിൽ ക്ലോറിനേഷൻ നിർബന്ധം :കുട്ടികളിൽ അഡിനോവൈറസ് ബാധയെക്കുറിച്ച് കണ്ടെത്തലുകൾക്ക് വിഷ്ണു നമ്പീശൻ മെമ്മോറിയൽ അവാർഡ് നേടി ഡോ.അരവിന്ദ് ജി.കെ.
Close

Thank you for visiting Malayalanad.in