കേരരക്ഷാ പദ്ധതി: തെങ്ങുസംരക്ഷണവുമായി കൃഷി വകുപ്പ്
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കേരരക്ഷാവാരം പദ്ധതി ജില്ലയില്‍ തുടങ്ങി. പദ്ധതിയിലൂടെ 36,100 തെങ്ങുകളുടെ തടത്തില്‍ പച്ചിലവള/പയര്‍ വിത്ത് നല്‍കി ജൈവവള ലഭ്യത ഉറപ്പുവരുത്തും. തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ തെങ്ങിന്റെ മുകള്‍ഭാഗം വൃത്തിയാക്കി സസ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കേര രക്ഷാ പദ്ധതികള്‍ക്കായി ജില്ലയ്ക്ക് 15,71,125/ രൂപയാണ് വകയിയിരുത്തിയത്.പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ മേപ്പാടി, മൂപ്പൈനാട്, കല്‍പ്പറ്റ, തരിയോട്, നെന്‍മേനി, എടവക, വെള്ളമുണ്ട, മുള്ളന്‍കൊല്ലി, അമ്പലവയല്‍, പനമരം, തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ തെരെഞ്ഞെടുത്ത വാര്‍ഡുകളിലാണ് പദ്ധതി നടപ്പിലാക്കുക. തെങ്ങിന്റെ കൃത്യമായ പരിപാലന മുറകളുടെ അഭാവവും ചെമ്പന്‍ ചെല്ലി, കൊമ്പന്‍ ചെല്ലി, കൂമ്പുചീയല്‍ തുടങ്ങിയ കീടരോഗാക്രമണവും നാളികേരത്തിന്റെ ഉല്‍പാദന ക്ഷമതയെ സാരമായി ബാധിച്ചിരുന്നു. ഇതിനെ സംബന്ധിച്ച ബോധവല്‍ക്കരണവും പദ്ധതിയുടെ ഭാഗമായി നടക്കും. കൂമ്പുചീയല്‍ രോഗപ്രതിരോധത്തിന് അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുന്ന ട്രൈക്കോ കേക്കും ചെമ്പന്‍ ചെല്ലി, കൊമ്പന്‍ചെല്ലി, ആക്രമണം തടയാന്‍ കാര്‍ട്ടാപ് ഹൈഡ്രോ ക്ലോറൈഡും ഓല കവിളുകളില്‍ നിക്ഷേപിക്കും. ജില്ലയിലെ അഗ്രോ സര്‍വ്വീസ് സെന്റര്‍, കര്‍ഷിക കര്‍മ്മ സേന, കേര സമിതികള്‍ എന്നിവ വഴിയാണ് സസ്യസംരക്ഷണ പ്രവൃത്തികള്‍ നടത്തുന്ന ത്.