സ്വദേശി ദർശൻ 2.0 കുമരകം; വിശദമായ പദ്ധതി രൂപരേഖ ചർച്ച ചെയ്യാൻ ജനപ്രതിനിധി – ഉദ്യോഗസ്ഥ യോഗം സെപ്റ്റംബർ 20ന്
കോട്ടയം: ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം കുമരകത്ത് നടപ്പാക്കുന്ന സ്വദേശ് ദർശൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി രേഖ (മാസ്റ്റർ പ്ലാൻ) ചർച്ച ചെയ്യുന്നതിനായി ജില്ലാ, ബ്ലോക്ക്, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധ്യക്ഷരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ബുധനാഴ്ച (സെപ്റ്റംബർ 20) ൈവകിട്ട് നാലിന് കുമരകം കൾച്ചറൽ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കളക്ട്രേറ്റിൽ നടന്ന പ്രാഥമിക ആലോചന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ബുധനാഴ്ച നടക്കുന്ന യോഗത്തെ തുടർന്ന് സെപ്റ്റംബർ 25 ന് കളക്ട്രേറ്റിൽ വീണ്ടും യോഗം ചേർന്ന് മാസ്റ്റർ പ്ലാനിന് അന്തിമ രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ കേരളത്തില്‍ നിന്നു കുമരകവും ബേപ്പൂരുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 19 സംസ്ഥാനങ്ങളിലെ 36 വിനോദസഞ്ചാരകേന്ദ്രങ്ങളാണു രണ്ടാം ഘട്ടത്തിലുള്ളത്. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയിലൂടെ സാധിക്കും. വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ മികച്ച സൗകര്യങ്ങൾ ടൂറിസം കേന്ദ്രങ്ങളിൽ ഒരുക്കും. കായൽ ടൂറിസം അടിസ്ഥാനപ്പെടുത്തിയാകും കുമരകത്തെ പദ്ധതികൾ. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനുള്ള സാധ്യതകൾ സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പദ്മകുമാർ, ഡി.റ്റി.പി.സി. സെക്രട്ടറി റോബിൻ സി. കോശി, ജനപ്രതിനിധികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആർ 2335/2023)
(കെ.ഐ.ഒ.പി.ആർ 2335/2023)