
കോട്ടായിൽ ക്വാറി പ്രവർത്തനം തുടങ്ങിയാൽ തടയുമെന്ന് നാട്ടുകാർ
നെന്മേനി പഞ്ചായത്തിലെ 18-ാം വാര്‍ഡിലുള്ള കോട്ടയില്‍ കരിങ്കല്‍ ക്വാറി പ്രവർത്തനം തുടങ്ങുന്നതില്‍ പ്രതിഷേധം. കരിങ്കല്‍ ഖനനത്തിനു പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചതിനെതിരേ പ്രദേശവാസികള്‍ ജനകീയ സമിതി രൂപീകരിച്ച് രംഗത്തുവന്നു.
ഖനനം ആരംഭിക്കുന്നതു അധികൃതർ തടയണമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കർമ്മ സമിതി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണുമായ കലക്ടര്‍ ഡോ.ആര്. രേണുരാജിന് ആയിരം പേർ ഒപ്പിട്ട നിവേദനം നല്‍കിയിട്ടുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു.
ക്വാറിക്ക് ലൈസന്‍സ് അനുവദിച്ച നടപടി പുനഃപരിശോധിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയില്‍ പാട്ടത്തിനെടുത്ത അഞ്ച് ഏക്കര്‍ ഭൂമിയില്‍ ഖനനം നടത്തുന്നതിനാണ് ഫാല്‍ക്കന്‍ ക്വാറി യൂണിറ്റ് എന്ന സ്ഥാപനം ലൈസന്‍സ് സമ്പാദിച്ചതെന്ന് ജനകീയ സമിതി ഭാരവാഹികളായ ഷാജി കോട്ടയില്‍, പി.എച്ച്. റഷീദ്, ആര്. ശ്രീനിവാസന്, സലിം കൂരിയാടന്‍, ഷമീര്‍ തൊവരിമല, അന്‍വര്‍ തോട്ടുങ്കല്‍, സുധീര്‍ പുന്നക്കാട്ട് എന്നിവര്‍ പറഞ്ഞു.
ജൂണ്‍ 20നാണ് പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചത്. ഖനനത്തിനു സമീപവാസികളുടെ സമ്മതം നടത്തിപ്പുകാര്‍ വാങ്ങിയിട്ടില്ല. നിലം നികത്തിയാണ് കല്ല് പൊട്ടിക്കാന്‍ തീരുമാനിച്ച സ്ഥലത്തുനിന്നു പുറത്തേക്കു റോഡ് സൗകര്യം ഒരുക്കുന്നത്. ഖനനത്തിനു ലൈസന്‍സ് അനുവദിച്ച സ്ഥലത്തിനു 55-150 മീറ്റര്‍ പരിധിയില്‍ നിരവധി വീടുകളുണ്ട്. ക്വാറി പ്രവര്‍ത്തനം പരിസര മലിനീകരണത്തിനു കാരണമാകുന്നതിനൊപ്പം ഈ വീടുകളുടെ സുരക്ഷയെയും ബാധിക്കും. പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ച് ഖനനം ആരംഭിച്ചാല്‍ റോഡ് ഉപരോധം അടക്കം സമരത്തിന് ജനകീയ സമിതി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.