മുട്ടിൽ മരം മുറി: 41 കേസുകളിൽ മരവിലയുടെ മൂന്നിരട്ടി പിഴയടക്കാൻ ഉത്തരവിറക്കാൻ കലക്ടറുടെ നിർദ്ദേശം

കൽപ്പറ്റ:
മുട്ടിൽ മരം മുറിക്കേസിൽ 34 കേസുകളിൽ മരത്തിൻ്റെ മൂല്യം നിശ്ചയിച്ച് നൽകാതെ വനം വകുപ്പ് കാലതാമസം വരുത്തുന്നു. സർക്കാർ ആവശ്യപ്പെട്ടാൽ അടിയന്തര റിപ്പോർട്ട് നൽകാനൊരുങ്ങി റവന്യൂ വകുപ്പ് . . ജില്ലാ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. റവന്യൂ വകുപ്പിൽ നടക്കുന്നത് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ.
മുട്ടിൽ മരംമുറി കേസിൽ മരങ്ങളുടെ ഡി.എൻ.എ. ഫലം പുറത്തു വന്നതോടെയാണ് വിവാദങ്ങൾ വീണ്ടും ചൂടുപിടിച്ചത്. മരങ്ങൾ മുറിച്ച് മാറ്റാൻ തങ്ങൾ അപേക്ഷ നൽകിയിട്ടില്ലന്ന് കർഷകരും കർഷക തൊഴിലാളികളും പട്ടികവർഗ്ഗക്കാരും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
വനം വകുപ്പും റവന്യൂ വകുപ്പും മരം മുറി കേസിൽപ്പെട്ട പ്രതികളും അവരവരുടെ ഭാഗങ്ങൾ ന്യായീകരിക്കാൻ ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നതിനിടെ എല്ലാ ഭാഗത്ത് നിന്നും കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. നൂറ് മുതൽ 500 വർഷം വരെ പഴക്കമുള്ള രാജകീയ മരമായ വീട്ടിമരം മുറിച്ച് കടത്തിയ കേസിൽ ആർക്കൊക്കെയാണ് പങ്ക് എന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കലക്ടർ ഡോ.രേണു രാജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചത്. . മുറിച്ചുമാറ്റിയ മരങ്ങൾക്ക് പിഴ ഈടാക്കി ഉത്തരവിറക്കാൻ കലക്ടർ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. കെ. എൽ.സി.എ. അഥവാ കേരള ഭൂസംരക്ഷണ നിയമപ്രകാരം പിഴ ഈടാക്കാനാണ് നിർദ്ദേശം. മരത്തിൻ്റെ യഥാർത്ഥ വിലയുടെ മൂന്നിരട്ടിയാണ് ഈ നിയമ പ്രകാരം പിഴയായി ഈടാക്കേണ്ടത്. ആകെ 75 കേസുകൾ ഉണ്ടങ്കിലും വനം വകുപ്പ് ഇതുവരെ വില നിശ്ചയിച്ച് നൽകാത്തതിനാൽ 34 കേസുകളിൽ ഉത്തരവിറക്കാൻ കഴിയില്ലന്നും ബാക്കിയുള്ള 41 കേസുകളിൽ ഉടൻ ഉത്തരവിറക്കാനുമാണ് ഇപ്പോൾ റവന്യൂ വകുപ്പിൽ തകൃതിയായ നടപടി ക്രമങ്ങൾ നടക്കുന്നത്. വൈത്തിരി താലൂക്കിൽ 37 കേസുകളിലും ബത്തേരി താലൂക്കിൽ മൂന്ന് കേസുകളിലും ഉടൻ ഉത്തരവിറക്കിയ ശേഷം സർക്കാർ ആവശ്യപ്പെട്ടാൽ കലക്ടർ സർക്കാരിലേക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം. വനം വകുപ്പ് വില നിശ്ചയിച്ച് നൽകാൻ കാലതാമസം വരുത്തിയതിനെപ്പറ്റി കലക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കാനിടയുണ്ട്. റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർ നിലവിൽ സസ്പെൻഷനിലുള്ള കേസിൽ ഇനി വകുപ്പിന് വീഴ്ച ഉണ്ടാകാതിരിക്കാൻ പഴുതടച്ച റിപ്പോർട്ട് സർക്കാരിലേക്ക് നൽകാനാണ് വയനാട് കലക്ട്രേറ്റ് കേന്ദ്രീകരിച്ച് നടപടിക്രമങ്ങൾ നടന്നുവരുന്നത്. എന്നാൽ മുട്ടിൽ മരം മുറി കേസിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന വനം വകുപ്പിനെതിരെ ആക്ഷേപം ഉയർന്ന് വരുന്നുണ്ട്. വയനാട്ടിലെ ഭൂപ്രശ്നങ്ങൾ, മുൻ കാലങ്ങളിലെ മരം മുറികേസുകൾ, വീട്ടി മരം മുറിക്കാൻ ഉത്തരവിറക്കാൻ സർക്കാരിനെ പ്രേരിപ്പിച്ച കർഷകരുടെ നിവേദനങ്ങൾ, ഉത്തരവിന് ശേഷമുണ്ടായ മരം കൊള്ള തുടങ്ങി സങ്കീർണ്ണതകൾ ഏറെയുള്ള കേസായാണ് മുട്ടിൽ മരം മുറി കേസ് ഇപ്പോൾ വളർന്ന് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വൻകിട ഡാം പുൽപ്പള്ളിക്ക് ആവശ്യമില്ല.:വ്യാപാരി വ്യവസായി ഏകോപന സമിതി
Next post മുട്ടില്‍ മരം മുറി; റവന്യു വകുപ്പിന്റെ ഭാഗത്ത് വീഴ്ചയില്ല -ജില്ലാ കലക്ടര്‍ ഡോ.രേണു രാജ്
Close

Thank you for visiting Malayalanad.in