സ്പ്ലാഷ് ബി ടു ബി സമാപിച്ചു : വരുംവര്‍ഷങ്ങളില്‍ വയനാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തും

ബത്തേരി : വരുന്ന വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് പല ലോകരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്തിക്കാന്‍ ബത്തേരിയില്‍ സമാപിച്ച സ്പ്‌ളാഷ് ബി ടു ബി മീറ്റില്‍ ധാരണയായി. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഇന്ത്യ ടൂറിസം, കേരള ടൂറിസം, വയനാട് ഡി.ടി.പി.സി. എന്നിവയുടെ സഹകരണത്തോടെയാണ് സ്പ്ലാഷ് 23 മഴമഹോത്സവത്തിന്റെ ഭാഗമായി ബത്തേരി സപ്ത റിസോര്‍ട്ടില്‍ ബി ടു ബി മീറ്റ് സംഘടിപ്പിച്ചത്. ഇന്ത്യക്ക് പുറത്തുനിന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി അറുനൂറോളം ടൂര്‍ ഓപ്പറേറ്റര്‍മാരും വയനാട്ടിലും പുറത്തുമുള്ള 120 ടൂറിസം സംരംഭകരുമാണ് രണ്ട് ദിവസത്തെ ബീ ടു ബീ മീറ്റില്‍ പങ്കെടുത്തത്. വയനാട്ടില്‍ സഞ്ചാരികള്‍ക്ക് നിലവിലുള്ള സൗകര്യങ്ങള്‍ പുതിയതായി ഒരുക്കുന്ന കൂടുതല്‍ സൗകര്യങ്ങള്‍, പുതിയ ഡെസ്റ്റിനേഷനുകള്‍, വയനാടിന്റെ പൈതൃകം , സംസ്‌കാരം, കാലാവസ്ഥ പ്രത്യേകിച്ച് മണ്‍സൂണ്‍ ടൂറിസം എന്നിവ സഞ്ചാരികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ബീ ടു ബീ മീറ്റ് സംഘടിപ്പിച്ചതെന്ന് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ബീ ടു ബീ മീറ്റിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്പ്ലാഷ് മഴമഹോത്സവത്തിന്റെ പതിനൊന്നാം എഡിഷനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നേരത്തെ സമാപിച്ച മഡ് ഫുട്‌ബോളിനെക്കൂടാതെ ജൂലൈ 12ന് ചീങ്ങേരി മലയില്‍ മണ്‍സൂണ്‍ ട്രക്കിംഗും, 13ന് രാവിലെ 7 മണി മുതല്‍ കല്‍പ്പറ്റ പെരുന്തട്ടയില്‍ എം.ടി.ബി. മത്സരങ്ങളും നടക്കും. ജൂലൈ 14ന് വയനാടിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഡെസ്റ്റിനേഷന്‍ റൈഡും വൈകുന്നേരം സംഗീതവിരുന്നും ഉണ്ടാകും. കര്‍ലാട് തടാകത്തില്‍ രാവിലെ 9 മണി മുതല്‍ കയാക്കിംഗ് മത്സരങ്ങളും നടക്കും. ജൂലൈ 15ന് വയനാട് ജില്ലയിലുടനീളം സൈക്ലിംഗ് നടത്തും. ഇതുകൂടാതെ കല്‍പ്പറ്റയില്‍ വയനാട് ജില്ലയിലെ ആദ്യ പ്രൊഫഷണല്‍ ഹാഫ് മാരത്തോണും ,അമേച്വര്‍ മാരത്തോണും ലഹരിക്കെതിരെ കൂട്ടയോട്ടവും സംഘടിപ്പിച്ചിട്ടുണ്ട്. മാരത്തോണ്‍ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്. മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ച രീതിയിലുള്ള ആഘോഷപരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. 14നും 15നും കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ കലാപരിപാടികള്‍ നടക്കും. 14ന് വൈകുന്നേരം 6 മണി മുതല്‍ സുധീപ് പാലനാടിന്റെയും രമ്യാ നമ്പീശന്റെയും സംഗീത വിരുന്നും 15ന് വൈകുന്നേരം 5 മണി മുതല്‍ അനൂപ് ശങ്കറിന്റെ മെഗാഷോയും ഉണ്ടാകും. കാണികള്‍ക്ക് സൗജന്യ പാസ് അനുവദിച്ചിട്ടുണ്ട്. ബീ ടു ബീ സമാപന ചടങ്ങില്‍ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ.ആര്‍. വാഞ്ചീശ്വരന്‍, ജനറല്‍ സെക്രട്ടറി സി.പി.ശൈലേഷ്, സ്പ്ലാഷ് ചെയര്‍മാന്‍ ജോസ് കൈനടി, വൈസ് പ്രസിഡന്റ് സി.സി. അഷറഫ്, ഔട്ട് ഡോര്‍ പ്രോഗ്രാം ചെയര്‍മാന്‍ പ്രദീപ് മൂര്‍ത്തി, സ്പ്ലാഷ് കണ്‍വീനര്‍ പി. അനൂപ്, ട്രഷറര്‍ പി.എന്‍. ബാബു എന്നിവര്‍ സംസാരിച്ചു.
വയനാട് ജില്ലാ ശുചിത്വ മിഷൻ്റെ മേൽനോട്ടത്തിൽ പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടികൾ. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ സഹായവും ഒരുക്കിയിരുന്നു.
ഫോട്ടോ അടിക്കുറിപ്പ്: സ്പ്ലാഷ് ബി ടു ബി മീറ്റിൽ പങ്കെടുത്തവർക്ക് വയനാട് ടൂറിസം ഓർഗനൈസേഷൻ ഭാരവാഹികൾ ഉപഹാരം സമ്മാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഞ്ചാവ് കേസിൽ എക്സൈസുകാർ പിടികൂടിയ പ്രതികൾക്ക് രണ്ട് വർഷം കഠിന തടവും 25000 രൂപ വീതം പിഴയും വിധിച്ചു
Next post ആർ.ബി.ഐ.യുടെ സാമ്പത്തിക സാക്ഷരതാ ക്വിസ്- ജി എച്ച് എസ് എസ് ഇരുളത്ത് ജേതാക്കൾ
Close

Thank you for visiting Malayalanad.in