
ചരിത്ര നേട്ടത്തിനൊരുങ്ങി വയനാട് : അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കെല്ലാം ആധാർ ലഭ്യമാക്കി
സി.വി.ഷിബു.
കൽപ്പറ്റ: പുതിയൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി വയനാട്. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും ആധാർ ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലാ ഭരണകൂടം ആവിഷ്കരിച്ച എ ഫോർ ആധാർ ക്യാമ്പയിൻ്റെ ആദ്യ ഘട്ടത്തിന് ഇതോടെ സമാപനം.
6500 കുട്ടികൾക്ക് കൂടി ആധാർ ലഭിക്കുന്നതോടെ അഞ്ച് വയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും ആധാർ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ലയായി വയനാട്. ഒരു പക്ഷേ ഈ ചരിത്ര നേട്ടത്തിലേക്കെത്തുന്ന രാജ്യത്തെ ആദ്യ ജില്ലയെന്ന റെക്കോർഡും വയനാടിനാകാനിടയുണ്ട്.
. അഞ്ച് വയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും ആധാർ ലഭ്യമാക്കുന്നതിന് ജൂലൈ രണ്ടിന് പ്രത്യേക ക്യാമ്പയിൻ നടത്തി. .. ജൂലൈ 15 ന് മുമ്പ് മുഴുവൻ കുട്ടികൾക്കും ആധാർ ലഭ്യമായി എന്ന് ഉറപ്പ് വരുത്തിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് കലക്ടർ ഡോ.രേണു രാജ് പറഞ്ഞു.
ഇങ്ങനെ ഒന്നാം ഘട്ടത്തിൻ്റെ ആദ്യ തവണ 7882 കുട്ടികൾക്ക് ആധാർ ലഭ്യമാക്കിയിരുന്നു. രണ്ടാം തവണത്തെ എ ഫോർ ആധാർ ക്യാമ്പയിൻ ഇന്ന് നടന്നു.
35 അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ സംസ്ഥാന ഐ.ടി. മിഷൻ ,വനിത ശിശു വികസന വകുപ്പ് , ജില്ലാ ഭരണകൂടം എന്നിവ ചേർന്നാണ് ക്യാമ്പയിൻ നടത്തുന്നത്. ജില്ലാതല പരിപാടി കലക്ടർ ഡോ.രേണു രാജ് കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വർഷം വരെ സംസ്ഥാനത്ത് ഏറ്റവും കുറവ് ആളുകൾക്ക് ആധാർ ഉള്ള ജില്ലയായിരുന്നു വയനാട് . ആധാർ വിവരങ്ങൾ നിരീക്ഷിക്കുന്ന സർക്കാർ സംവിധാനത്തിൻ്റെ സംസ്ഥാന ഡയറക്ടർ വയനാട്ടിൽ പങ്കെടുത്ത ഒരു യോഗത്തിൻ്റെ റിപ്പോർട്ടനുസരിച്ച് വയനാട് ജില്ലയിൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ 90 ശതമാനം പേർക്കും ആധാർ ഉണ്ടായിരുന്നില്ല. ഇതിന് പരിഹാരമായാണ് എ ഫോർ ആധാർ എന്ന പേരിൽ ജില്ലാ ഭരണകൂടം പുതിയ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്. .ഇതിൻ്റെ ആദ്യഘട്ടത്തിന് ഇതോടെ സമാപനമായി .രണ്ടാം ഘട്ടത്തിൽ അഞ്ച് വയസ്സിന് മുകളിൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ പുതുക്കും. അക്ഷയ സംരംഭകർ സ്കൂളുകളിലെത്തിയാണ് ആധാർ പുതുക്കുന്നത്. ഇതും രാജ്യത്ത് ആദ്യത്തെ സംവിധാനമാണ് .