
സിയാൽ മാതൃകയിൽ വയനാട്ടിൽ ചെറുവിമാനത്താവളത്തിന് പദ്ധതിയൊരുങ്ങുന്നു: കൺസൾട്ടൻസിയെ തിരയുന്നു.
കൽപ്പറ്റ: വയനാട്ടിൽ ചെറുവിമാനത്താവളത്തിനായി സർക്കാർ നടപടികൾ തുടങ്ങി. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനും സാധ്യതാ പഠനത്തിനും കൺസൾട്ടൻസി നിയോഗിക്കാനൊരുങ്ങുന്നു. ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇതിനായി യോഗം ചേർന്നു.
സിയാൽ മാതൃകയിൽ സർക്കാരിന് പങ്കാളിത്തമുള്ള പി.പി.പി. വിമാനത്താവളമായിരിക്കും വയനാട്ടിലേതും.
മറ്റ് വിമാനത്താവളങ്ങളുമായി ബന്ധപ്പെടുത്തി ഫീഡർ എയർപോർട്ട് എന്ന രീതിയിലായിരിക്കും വയനാട് ചെറുവിമാനത്താവളം പ്രവർത്തിക്കുക.
250 കോടി രൂപയാണ് ഏകദേശ ചിലവ് പ്രതീക്ഷിക്കുന്നത്.
ഫ്ളൈയിംഗ് ക്ലബ്ബ് രൂപീകരിച്ച് ഇതോടൊപ്പം പ്രവർത്തിക്കും.
എയർ ട്രാഫിക്, ടൂറിസം സാധ്യത, കാർഷിക മേഖലക്കുള്ള പ്രയോജനം തുടങ്ങിയ കാര്യങ്ങളിൽ ആദ്യഘട്ടത്തിൽ സാധ്യതാ പഠനം നടത്തും.
ഇതിനായി കൺസൾട്ടൻസി യെ ഏൽപ്പിക്കാനാണ് തീരുമാനം. കൺസൾട്ടൻസിക്കായി രണ്ട് കോടി രൂപ അനുവദിക്കാനും തീരുമാനമായതായി വയനാട് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ പറഞ്ഞു.
കാരാപ്പുഴ, ചേലോട്ട് എസ്റ്റേറ്റ്, വാര്യാട് എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളും ബൈപ്പാസിന് സമീപമുള്ള എൽ സ്റ്റൺ എസ്റ്റേറ്റുമാണ് പരിഗണയിലുള്ളത്.
വയനാട് ചെറുവിമാനത്താവളത്തിനായുള്ള യോഗം ട്രാൻസ്പോർട്ട് സെക്രട്ടറിയുമായി നടന്നുവെന്നും കൺസൾട്ടൻസിയെ നിയോഗിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണന്നും ജില്ലാ കലക്ടർ ഡോ.രേണു രാജ് പറഞ്ഞു.