
പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ റോഡ് കർമ്മസമിതി 24-ന് വയനാട് ചുരത്തിൽ ഉപവാസ സമരം
കൽപ്പറ്റ: പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ പാതയ്ക്കായി കർമ്മ സമിതി നടത്തി വരുന്ന റിലേ സമരം 175-ാം ദിവസത്തിലേക്ക് കടക്കുന്നു. 24-ന് ചുരത്തിൽ ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വയനാടിനോടുള്ള അധികാരികളുടെ നിഷ്ക്രിയമായ നിലപാടുകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കർമ്മസമിതിയുടെ സമരത്തിനു നേരെയുള്ള മുഖം തിരിക്കലെന്ന് ഭാരവാഹികൾ പറഞ്ഞു.
പുതിയ പദ്ധതികൾ പ്രഖ്യാപിച്ചും അതിന് ഭൂമി നഷ്ടപ്പെടുന്നവർക്ക് ലക്ഷങ്ങൾ നഷ്ടപരിഹാരവും പ്രഖ്യാപിക്കുന്ന സർക്കാർ സംവിധാനങ്ങൾ പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയ്ക്കായി ഭൂമി നഷ്ടപ്പെട്ട 300 ഓളം കുടുംബങ്ങളോട് കാണിക്കുന്നത് കൊടിയ വഞ്ചനയാണ്.
പ്രതിഷേധിക്കുകയോ, ഒരു പ്രസ്താവനക്കൊണ്ട് പോലും കൂടെ നിൽക്കുകയോ ചെയ്യാത്ത രാഷ്ട്രീയ പാർട്ടികളും, സാംസ്കാരിക സംഘടനകളും, മത നേതൃത്വങ്ങളും വയനാടിന് ഒരു ബാധ്യതയാണ്.
പല തവണ ആവശ്യപ്പെട്ടിട്ടും ഒരു പ്രമേയംപോലും പാസാക്കാൻ തയ്യാറാവാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾപ്പോലും വയനാട്ടിലുണ്ട് പിറന്ന നാടിനു വേണ്ടിയാണി പോരാട്ടം, ദേശീയ പാത ഉപരോധിച്ചും വനത്തിലേക്ക് ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചും നിരാഹാരം കിടന്നും കർമ്മ സമിതി പോരാട്ടം ശക്തമാക്കും.
എന്നിട്ടും ഭരണക്കൂടങ്ങൾ കണ്ണ് തുറക്കുന്നില്ലെങ്കിൽ ജനങ്ങൾ സംഘടിതമായി വഴി വെട്ടുകതന്നെ ചെയ്യുമെന്ന് ഇവർ പറഞ്ഞു.
ജൂൺ 24 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ വയനാട് ചുരത്തിൽ ഉപവാസം സംഘടിപ്പിക്കും. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ജൂൺ 30 നകം സംസ്ഥാന സർക്കാരിന് നൽകാൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.. അതിൽ ഈ ആവശ്യം കൂടി ഉൾപ്പെടുമെന്നാണ് കർമ്മ സമിതിയ്ക്കൊപ്പം വയനാടൻ ജനതയും പ്രതീക്ഷിക്കുന്നത്. ആശാവഹമായ ഇടപ്പെടലുകൾ ഇനിയും ഉണ്ടാകാത്ത പക്ഷം സമീപ ഭാവിയിൽ ഉണ്ടായേക്കാവുന്ന എല്ലാ തിരഞ്ഞെടുപ്പുകളും ബഹിഷ്ക്കരിക്കും. അതിനാവശ്യമായ പ്രചരണങ്ങൾക്ക് കർമ്മ സമിതി നേതൃത്വം നൽകും. കർമ്മസമിതി ഭാരവാഹികളായ ശകുന്തള ഷൺമുഖൻ, കെ.ഹാരിസ്, ഒ.ജെ.ജോൺസൺ, കെ.എസ്. മുഹമ്മദ് സഖാഫി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.