പ്ലസ്‌വണ്‍ പ്രവേശനം – അധിക ബാച്ചും അധിക സീറ്റും ഉറപ്പ് വരുത്തണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: ജില്ലയിലെ പത്താം തരം വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് പ്ലസ്‌വണ്‍ പ്രവേശനം ഉറപ്പ് വരുത്തുകയും അധിക ബാച്ചുകള്‍ അനുവദിക്കുകയും വേണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും, തോട്ടം തൊഴിലാളികളുടെ മക്കളും മറ്റു പിന്നോക്ക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് സീറ്റ് ലഭ്യത ഉറപ്പു വരുത്തണം. വിവിധ ജീവിത സാഹചര്യങ്ങളില്‍ നിന്നും പഠിച്ച് ഉന്നതവിജയം നേടിയെങ്കിലും തുടര്‍പഠനത്തിന് ആവശ്യമായ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം അപര്യപ്തമാണെന്നതാണ് ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജില്ലയില്‍ നിന്നും ഈ വര്‍ഷം തുടര്‍പഠനത്തിനായി 11,612 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടിയിട്ടുണ്ട്. സീറ്റുകള്‍ കുറവായതിനാല്‍ ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തിലാണ്. കോട്ടത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടരുന്ന ഹ്യൂമാനിറ്റീസ് ബാച്ചിന്റെ താല്‍ക്കാലിക ബാച്ച് നിലനിര്‍ത്തുകയാണെങ്കില്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഒരു പരിധിവരെ പരിഹരിക്കപ്പെടും. കൂടാതെ ജില്ലയുടെ പ്രത്യേക പരിതസ്ഥിതി മനസ്സിലാക്കിക്കൊണ്ടും, പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ അധികമായി ആശ്രയിക്കുന്ന കല്‍പ്പറ്റ മുണ്ടേരി, മേപ്പാടി, തരിയോട്, പടിഞ്ഞാറത്തറ, കാക്കവയല്‍ തുടങ്ങിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പുതിയ ഹ്യൂമാനിറ്റീസ് ബാച്ച് ആരംഭിക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാകുന്നതാണെന്നും എം.എല്‍.എ മന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Next post ജനസുരക്ഷാ ക്യാമ്പയിൻ : 100 ശതമാനം കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിനെ ആദരിച്ചു
Close

Thank you for visiting Malayalanad.in