1090 ക്വിന്റൽ കുരുമുളക് കടത്തി കോടികളുടെ തട്ടിപ്പ്;മുംബൈയിൽ ഒളിവിലായിരുന്ന പ്രതിയെ സാഹസികമായി പിടികൂടി പോലീസ്

.
അംഗരക്ഷകരോടൊപ്പം മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെയാണ് പിടികൂടിയത്.
വയനാട് ജില്ലയിൽ കോടികളുടെ തട്ടിപ്പ് നടത്തി അംഗരക്ഷകരോടൊപ്പം മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന തട്ടിപ്പ് വീരനെ അതിസാഹസികമായി പിടികൂടി വെള്ളമുണ്ട പോലീസ്. 1090 കിന്റൽ കുരുമുളക് കടത്തി മൂന്ന് കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശിയായ മൻസൂർ നൂർ മുഹമ്മദ്‌ ഗാനിയാനി(59) എന്നയാളെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്.
പൊരുന്നന്നൂർ, കെല്ലൂർ, കാരാട്ടുകുന്ന് എന്ന സ്ഥലത്തുള്ള മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും 109000 കിലോയോളം വരുന്ന കുരുമുളക് പണം ഉടൻ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കയറ്റിക്കൊണ്ടുപോയി ജി.എസ്.ടി ഉൾപ്പെടെ മൂന്ന് കോടിയിലധികം രൂപ നൽകാതെ വഞ്ചിച്ചു എന്ന കുറ്റത്തിന് വെള്ളമുണ്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. 2019 ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു തട്ടിപ്പ്. സമാന കുറ്റകൃത്യങ്ങളിലുൾപെട്ട പ്രതി മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ അംഗരക്ഷകരോടൊപ്പം ഒളിവിൽ താമസിച്ചു വരികയായിരുന്നു. സുരക്ഷക്കായി പ്രതി ആയുധധാരികളായ അംഗരക്ഷകരെ വച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടും അതൊന്നും വക വെക്കാതെ പ്രതി താമസിക്കുന്ന സ്ഥലത്തെത്തി അതിസാഹസികമായാണ് വെള്ളമുണ്ട പോലീസ് പ്രതിയെ പിടികൂടിയത്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എ.എസ്.ഐ മൊയ്തു, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾഅസീസ്, സിവിൽ പോലീസ് ഓഫീസർ നിസാർ എന്നിവരുമുണ്ടായിരുന്നു. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഹനാപകടത്തിൽ യുവതി മരിച്ചു..
Next post കൽപ്പറ്റയിലെ ഭക്ഷ്യ വിഷബാധ: ചികിത്സയിലുള്ളത് 111 പേർ : തിരിഞ്ഞ് നോക്കാതെ അധികൃതർ.
Close

Thank you for visiting Malayalanad.in