”നിൻ കൂടെ ഞാനില്ലയോ…”; ഉള്ളിൽ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നിൻ കൂടെ ‍ഞാനില്ലയോ…’ എന്ന മനോഹരമായ ഗാനമാണ് യൂട്യൂബിലെത്തിയിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങളിൽ കയറുന്ന ഇമ്പമാർന്ന ഈണത്തോടെയുള്ളതാണ് ഗാനം. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകരൻ ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗൗതം ഭരദ്വാജും ചിന്മയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു മലയാളി യുവാവിന്‍റെ കേരളത്തിലേക്കുള്ള യാത്രയിൽ നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിംഗും നി‍ർവ്വഹിക്കുന്ന ‘പാച്ചുവും അത്ഭുതവിളക്കും’.
കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും കൗതുകം ജനിപ്പിക്കുന്ന ചലനങ്ങളുമായി ഫഹദ് ആണ് ഗാനരംഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. നടി അഞ്ജന ജയപ്രകാശും ഫഹദിനോടൊപ്പം ഗാനരംഗങ്ങളിലുണ്ട്. ഫഹദിനെ കൂടാതെ വിജി വെങ്കടേഷ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രൻസ്, നന്ദു, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. മലയാളത്തിലെ സീനിയേഴ്സായ ഇന്നസെന്‍റിനും മുകേഷിനും ഇന്ദ്രൻസിനും നന്ദുവിനുമൊക്കെയൊപ്പമുള്ള ഫഫയുടെ കോമ്പിനേഷൻ സീനുകളും ചിത്രത്തിൽ ആവോളമുണ്ടാകുമെന്നാണ് പ്രേക്ഷകർ കണക്കുകൂട്ടുന്നത്. സിനിമയുടേതായിറങ്ങിയ ടീസർ അടുത്തിടെ വലിയ ച‍ർച്ചയായിരുന്നതാണ്.
സത്യൻ അന്തിക്കാടിന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ അഖില്‍ സത്യൻ മുമ്പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പവ്രർത്തിച്ചിട്ടുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും അഖിൽ സംവിധാനം ചെയ്‍തിട്ടുണ്ട്.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, മേയ്ക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷാർജയിൽ നിര്യാതയായ ഷീല ജോർജിന്‍റെ (57) മൃതദേഹം നാട്ടിലെത്തിച്ചു
Next post രാഹുലും പ്രിയങ്കയും വയനാട്ടിൽ: കൽപ്പറ്റ നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
Close

Thank you for visiting Malayalanad.in