കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ പോസ്റ്റ്മോർട്ടം നാളെ

.
ബത്തേരി:വയനാട്ടിൽ കിണറിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ ജഡം നാളെ രാവിലെ ബത്തേരിയിൽ പോസ്റ്റ് മോർട്ടം ചെയ്യും. . പാപ്ലശ്ശേരി ചുങ്കത്താണ് കളപ്പുരക്കൽ അഗസ്റ്റിന്റെ കിണറിൽ കടുവ ചത്തു കിടക്കുന്നത് കണ്ടത്. ജഡത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ.
ഇരുളം ഫോറസ്റ്റ് സെക്ഷനിൽ പെട്ട പാപ്ലശ്ശേരി ചുങ്കത്താണ് വൈകുന്നേരം അഞ്ച് മണിയോടെ കടുവയുടെ ജഡം കണ്ടത്. കളപ്പുരക്കൽ അഗസ്റ്റിന്റെ പറമ്പിലെ കിണറിലായിരുന്നു അഴുകിത്തുടങ്ങിയ നിലയിൽ കടുവയുടെ ജഡം കണ്ടെത്തിയത്.
വനപാലകരെത്തി പുറത്തെടുത്ത കടുവയുടെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്കായി സുൽത്താൻ ബത്തേരി കുപ്പാടിയിലെ ഫോറസ്റ്റ് ലാബിലേക്ക് മാറ്റി. ആൺ കടുവയാണ് ചത്തതെന്നും അഴുകിത്തുടങ്ങിയ നിലയിലായതിനാൽ പ്രായം കണക്കാക്കാനായിട്ടില്ലെന്നും വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ നാളെ രാവിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.
ചുറ്റുമതിലുള്ള കിണറ്റിൽ കടുവ വീണതെങ്ങനെയെന്നത് സംബന്ധിച്ചും കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന നിലപാടിലാണ് വനംവകുപ്പ്. വനാതിർത്തി പ്രദേശമായ പാപ്ലശേരിയിൽ നേരത്തെയും പലതവണ കടുവയിറങ്ങിയിരുന്നു. വൻ ബഹുജന പ്രക്ഷോഭവും ഇവിടെ നേരത്തെ നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അക്കാദമി സമ്മേളനം സമാപിച്ചു : 140 പണ്ഡിതർ കർമ്മവീഥിയിലേക്ക്
Next post രാജ്യത്ത് മതസൗഹാർദ്ദവും ജനാധിപത്യവും കൂടുതൽ ശക്തമാവണം- പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ
Close

Thank you for visiting Malayalanad.in