ഇന്ന് വർഗീസ് ദിനം: കുന്നേൽ കൃഷ്ണനെ വർഗീസ് സ്മാരക ട്രസ്റ്റ് ആദരിച്ചു

.
മാനന്തവാടി: ഇന്ന് വർഗീസ് ദിനം. നക്‌സൽ നേതാവ് എ. വർഗീസിന്റെ സഹപാഠിയും സഹപ്രവർത്തകനുമായിരുന്ന കുന്നേൽ കൃഷ്ണനെ വർഗീസ് സ്മാരക ട്രസ്റ്റ് ആദരിച്ചു. മാനന്തവാടി വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ് ) അഖിലേന്ത്യാ സെക്രട്ടറി എം.എസ്. ജയകുമാർ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിനൊപ്പം നടന്ന കുന്നേൽ കൃഷ്ണൻ ജനങ്ങളുടെ വിമോചനത്തിനു വേണ്ടി കമ്യൂണിസ്റ്റ് വിപ്ലവ പാത സ്വീകരിച്ച് ത്യാഗ പൂർണമായ ജീവിതം നയിച്ചയാളാണെന്ന് അദ്ദേഹം പറഞ്ഞു. എം.എൽ.പി.ഐ (റെഡ് ഫ്ലാഗ്) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ അധ്യക്ഷത വഹിച്ചു.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. സഹദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, എം.എം. സോമശേഖരൻ, പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, ഡി.സി.സി അംഗം എ. പ്രഭാകരൻ , അഡ്വ: എം. വേണുഗോപാൽ, സുലോചന രാമകൃഷ്ണൻ, ഡോ. അമ്പി ചിറയിൽ, വർഗീസ് വട്ടേക്കാട്ടിൽ, ഇ. എം.ശ്രീധരൻ, എം.കെ. തങ്കപ്പൻ, ചാൾസ് ജോർജ്ജ്, ഫ്രെഡി. കെ.താഴത്ത് തുടങ്ങിയവർ സംസാരിച്ചു.
അറുപത് വർഷത്തിലേറെയായി മാർ‍ക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കുന്നേൽ കൃഷ്ണൻ ഇപ്പോൾ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ് ) സംസ്ഥാന കമ്മിറ്റിയംഗമാണ്. 1970കളുടെ ആദ്യംമുതൽ എം.എൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന കുന്നേൽ കൃഷ്ണൻ അടിയന്തരാവസ്ഥയിൽ കകക്കയം കോൺസൻട്രേഷൻ ക്യാമ്പിൽ ശാരീരിര പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ കായണ്ണ പോലീസ് സ്‌റ്റേഷൻ ആക്രണക്കേസിലും 1981ലെ കേണിച്ചിറ മത്തായി വധക്കേസിലും പ്രതിയായിരുന്നു. ദീർഘകാലം ഒളിവുജീവിതം നയിച്ച അദ്ദേഹം ഏറെക്കാലം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഉടന്‍ അനുവദിക്കണം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയൻ.
Next post ശിവരാത്രി ദിനത്തിൽ പ്രഭാസ് ചിത്രം “പ്രൊജക്റ്റ് കെ” യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ
Close

Thank you for visiting Malayalanad.in