
4080 കിലോമീറ്റർ നടന്ന് സംവദിച്ചു: രാജ്യത്തെവിടെയും സന്തോഷമുള്ള കർഷകനെ കണ്ടില്ലന്ന് രാഹുൽ ഗാന്ധി
കൽപ്പറ്റ :
മോദി – അദാനിബന്ധത്തിൽ കോർപ്പറേറ്റുകളുടെ വളർച്ചയെ തുറന്നു കാട്ടിയും പ്രാദേശിക വിഷയങ്ങൾ ഒഴിച്ച് സംസ്ഥാന സർക്കാരിനെ വിമർശിക്കാതെയും രാഹുൽ ഗാന്ധി എം.പി.വയനാട് സന്ദർശനം കഴിഞ്ഞ് മടങ്ങി. ചാരിറ്റി പ്രവർത്തനങ്ങൾക്കും വയനാട്ടുകാരുമായുള്ള ആത്മ ബന്ധത്തിനും പ്രാധാന്യം നൽകുന്നതായിരുന്നു ഭാരത് ജോഡോ യാത്രക്ക് ശേഷമുള്ള രാഹുൽ ഗാന്ധി എം.പി.യുടെ പൊതു സമ്മേളനം.
കാശ്മീരിലെ ജനതയോട് ഇതെൻ്റെ വീടാണന്ന് പറഞ്ഞ അതേ സ്നേഹത്തോടെ വയനാട്ടിലെത്തിയപ്പോൾ വീട്ടിലെത്തിയത് പോലെയാണന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങൾ നൽകുന്ന വോട്ടിനെക്കാൾ എനിക്ക് വലുത് ഈ സ്നേഹമാണന്ന് പ്രശംസിച്ച് വയനാട്ടുകാരെ വാക്കുകൾ കൊണ്ട് രാഹുൽ ഗാന്ധി ആശ്ളേഴിച്ചു. ഒരു കുടുംബാംഗം തൻ്റെ വീട്ടുകാരോട് വിശേഷങ്ങൾ പങ്കുവെക്കുന്ന അതേ സന്തോഷത്തോടെയും സങ്കടത്തോടെയും 136 ദിവസം നീണ്ടു നിന്ന 4080 കിലോമീറ്റർ നീണ്ട ഭാരത് ജോഡോ യാത്രയുടെ വിശേഷങ്ങളും അതിന് ശേഷം ഒരു ദിവസം മാത്രമുള്ള വയനാട് സന്ദർശനത്തിൻ്റെയും വർത്തമാനം പറഞ്ഞ് മീനങ്ങാടിയിൽ അദ്ദേഹം ജനങ്ങളോട് സംവദിച്ചു. വയനാട് മെഡിക്കൽ കോളേജ് ബോർഡിലും കെട്ടിടത്തിലും ഒതുങ്ങരുതെന്നും ഇവിടെ ആശുപത്രിയിൽ സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ തോമസ് എന്ന കർഷകൻ്റെ ജീവൻ നഷ്ടമാകുമായിരുന്നില്ല എന്ന വാക്കുകൾ ഒഴിച്ച് സംസ്ഥാന സർക്കാരിനെ അധികം വിമർശിക്കാതെ പ്രശ്നങ്ങൾ ഒന്നൊന്നായി അവതരിപ്പിച്ചു.
ഭാരത് ജോഡോ യാത്രയിലെ വിടെയും സന്തോഷമുള്ള കർഷകനെ കണ്ടില്ലന്ന് പറഞ്ഞ രാഹുൽ ഗാന്ധി ,രാജ്യത്ത് കോർപ്പറേറ്റുകൾ ,പ്രത്യേകിച്ച് അദാനി മോദിയുടെ തണലിൽ വളരുന്നതിനെ വിമർശിച്ചു. പാർലമെൻ്റിൽ അക്കമിട്ട് നിരത്തിയ ആരോപണങ്ങൾ മോദി – അദാനി ബന്ധത്തിനെതിരെ വയനാട്ടിലും ആവർത്തിച്ചു. തൻ്റെ ഭാഷയും ശൈലിയും ലാളിത്യമാണന്ന് അടിവരയിട്ട് പറഞ്ഞ രാഹുൽ ഗാന്ധി താൻ ഏറ്റവും അവസാനം ഭയക്കുന്ന ആളാണ് പ്രധാനമന്ത്രി മോദിയെന്ന് പറഞ്ഞപ്പോൾ ആരാധകരുടെ നീണ്ട കരഘോഷം.
പേര് സൂചിപ്പിക്കുന്നത് പോലെ കോൺഗ്രസ് പാർട്ടിയുടെ ചാരിറ്റി പദ്ധതിയായ കൈത്താങ്ങിന് വലിയ പ്രാധാന്യമാണ് ഇത്തവണ നൽകിയത്. 25 വീടുകളുടെ താക്കോൽ കൈമാറി ,വൈകാരികമായി നേതാക്കൾ നടത്തിയ പ്രസംഗത്തിനൊപ്പം അടുത്ത തവണ വരുമ്പോൾ ഒരു വീടിൻ്റെ നിർമ്മാണ ജോലികളിൽ താൻ പങ്കാളിയാവുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 60 വീടുകളാണ് കൈത്താങ്ങ് പദ്ധതിയിൽ സബർമതി വീട് എന്ന പേരിൽ നിർമ്മിച്ചു നൽകുന്നത്. മത- രാഷ്ട്രീയത്തിനപ്പുറം സമൂഹത്തിലെ ഏറ്റവും താഴെ തട്ടിൽ അതീവ പരിഗണന അർഹിക്കുന്നവരാണ് ഗുണഭോക്താതാക്കൾ. അമ്മയെ കൂട്ടി വയനാട്ടിലേക്കും വരും എന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ച രാഹുൽ ഗാന്ധി എം.പി. ഒരിക്കൽ കൂടി വയനാട്ടുകാരുമായുള്ള വൈകാരിക ബന്ധത്തെ അരക്കിട്ടുറപ്പിച്ചാണ് ഡൽഹിക്ക് മടങ്ങിയത്.