കടുവയുടെ ആക്രമണം; മരണപ്പെട്ട തോമസിന്റെ കാർഷിക വായ്പ കേരള ബാങ്ക് എഴുതി തളളി

. കടുവയുടെ ആക്രമണം; മരണപ്പെട്ട തോമസിന്റെ കാർഷിക വായ്പ കേരള ബാങ്ക് എഴുതി തളളി
പ്രമാണങ്ങൾ ഫെബ്രുവരി 6-ന് കൈമാറുമെന്ന് കേരള ബാങ്ക് അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ കേരള ബാങ്കിലെ കാർഷിക വായ്പ എഴുതി തള്ളാൻ കേരള ബാങ്ക് ഭരണസമിതി തീരുമാനിച്ചതായും, വായ്പക്കായി തോമസ് ബാങ്കിൽ പണയപ്പെടുത്തിയ ആധാരം ഉൾപ്പെടെയുളള പ്രമാണങ്ങൾ ഫെബ്രുവരി 6-ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ തോമസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് കൈമാറുമെന്നും അറിയിക്കുന്നു.
തോമസ് മരണപ്പെട്ടതിനെ തുടർന്ന് ജനുവരി 12-ന് അദ്ദേഹത്തിന്റെ പുതുശ്ശേരി ആലയ്ക്കലിലെ വീട്ടിലെത്തിയ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ കുടുംബത്തിന്റെ വിഷമതകൾ കണ്ട് വായ്പ എഴുതി തള്ളാൻ നടപടി സ്വീകരിക്കുമെന്ന് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി 20-ന് ചേർന്ന കേരള ബാങ്ക് ഭരണസമിതി യോഗം ബാങ്കിന്റെ കോറോം ശാഖയിൽ നിന്നും കഴിഞ്ഞ ആഗസ്റ്റിൽ തോമസ് എടുത്ത അഞ്ച് ലക്ഷം രൂപ കിസാൻ മിത്ര വായ്പയും, പലിശയും എഴുതി തള്ളാൻ തീരുമാനിക്കുകയായിരുന്നു. തോമസ് താമസിക്കുന്ന വീടും സ്ഥലവും പണയപ്പെടുത്തിയായിരുന്നു വായ്പയെടുത്തത്. മരണപ്പെട്ട് ദിവസങ്ങൾക്കുളളിൽ തന്നെ വായ്പ എഴുതി തളളാനും പ്രമാണങ്ങൾ കൈമാറാനും തീരുമാനിച്ച ബാങ്ക് നടപടി തോമസിന്റെ കുടുംബത്തിന് ഏറെ ആശ്വാസകരമാകും.
കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ, കോഴിക്കോട് റീജിയണൽ ജനറൽ മാനേജർ സി അബ്ദുൾ മുജീബ്, വയനാട് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ എൻ നവനീത്കുമാർ, സീനിയർ മാനേജർ സി.ജിനഷീദ് പബ്ലിക് റിലേഷൻസ് ഓഫിസർ സി സഹദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പി.കെ.ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം: യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി
Next post പൊത്തിൽ ഒളിച്ച തത്തയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് ഒടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു
Close

Thank you for visiting Malayalanad.in