
ജൈനമത പുണ്യ കേന്ദ്രങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കുന്നതിനെതിരെ പ്രതിഷേധമിരമ്പി ജൈൻ സമാജ റാലി.
പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട് ജൈൻ സമാജത്തിൻ്റെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് സേവ് ശിഖർജി റാലി നടത്തി.
നൂറ് കണക്കിന് ജൈനമതാനുയായികൾ സമരത്തിൽ പങ്കെടുത്തു. “സേവ് ശിഖ൪ജി ആന്ദോളൻ്റെ ഭാഗമായി ജൈ൯ സമാജം, പഞ്ചാക്ഷരി ജൈ൯ മഹിളാ സമാജം, രത്നത്രയ ജൈ൯ മില൯, യുവ ജൈ൯ സമാജം എന്നിവയുടെ നേതൃത്വത്തിൽ മഹാവീർ തിയേറ്ററിൽ നിന്നു പുറപ്പെട്ട റാലിയിൽ നൂറ് കണക്കിന് ജൈനമത വിശ്വാസികൾ പങ്കെടുത്തു.
ഭാരതത്തിലെ ഏറ്റവും ചെറിയ മത ന്യൂനപക്ഷമായ ജൈനരുടെ മതവിശ്വാസത്തിന്റെ മേലുള്ള കടന്ന് കയറ്റത്തെ പ്രതിരോധിക്കുമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു റാലി. ഇതിൻ്റെ ഭാഗമായി നടന്ന കലക്ട്രേറ്റ് ധർണ്ണ മുൻ എം.പി. എം.വി. ശ്രേയാ൦സ് കുമാർ ഉദ്ഘാടനം ചെയ്തു. ഈ വിഷയം പാർലമെൻ്റിൽ അവതരിപ്പിക്കാൻ എം.പി.മാരെ ധരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കർണ്ണാടകയിലെ മൂഢബിദ്രി മഠാധിപതി സ്വസ്തിശ്രീ ശ്രീ ശ്രീ ചാരുകീ൪ത്തി ഭട്ടാരക സ്വാമിജി അനുഗ്രഹ പ്രഭാഷണം നടത്തി.
ധർണ്ണക്ക് ശേഷം പ്രധാനമന്ത്രിക്കുളള “സേവ് ശിഖ൪ജി” മെമ്മോറാണ്ടം വയനാട് ജില്ലാ കലക്ട൪ക്ക് കൈമാറി.
യോഗത്തിൽ സമാജം പ്രസിഡന്റ് സി.വി. നേമി രാജൻ അധ്യക്ഷത വഹിച്ചു. സ്വാഗതം പത്മ വിജയകുമാർ പറഞ്ഞു. പ്രവീൺ ചന്ദ് ജൈൻ, സുരേഖ ബാബു, മനോഹരി ജിനേഷ് , എൻ. എസ് . വീര പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സമാജം സെക്രട്ടറി എം.ബി .വിജയരാജൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി